Sunday, February 4, 2018

ഒരു നിഴൽ പാട്

ഇടയിലെവിടെയാണ് നാം നമ്മെ മറന്നു വെച്ചതെന്നോർമ്മയുണ്ടോ?
അതൊരു ചോദ്യത്തെക്കാൾ ഒട്ടനവധി ഉത്തരങ്ങൾ ഒന്നിച്ചു ചേർത്ത ഒരു പ്രസ്താവനയായിരുന്നു. 
നന്ദനങ്ങിനെയാണ്. പറയുന്പോൾ വാക്കുകളുടെ ഘടനാക്രമങ്ങൾ ഒരുതരം പ്രസ്താവനയുടെ സൗകുമാര്യം നൽകും. കൂട്ടത്തിൽ അവന്റെ ശബ്ദം കൂടെയാകുന്പോൾ പിന്നെ പറയുകയും വേണ്ട.
കോളണിയിലെവിടെയോ രാത്രിയുടെ നിശബ്ദത കോർത്ത തണുത്ത കാറ്റിനോടൊപ്പം സമയമറിയിച്ചുകൊണ്ട് രണ്ടു തവണ ക്ലോക്കിന്റെ മണി മുഴങ്ങി .
കൈയ്യിലെ ഒഴിഞ്ഞ ഗ്ലാസും പാതിയൊഴിഞ്ഞ കുപ്പിക്കുമപ്പുറത്തു നന്ദൻ അടുത്തൊരു പ്രസ്താവനയും തിരഞ്ഞു എന്തോ ചിന്തയിലാണ്.
"ബാലനുറങ്ങണമെങ്കിൽ ഉറങ്ങിക്കോളൂ . ഭാര്യക്ക് എന്തായാലും ഞാൻ വന്നത് തന്നെ പിടിച്ചിരിക്കില്ല. ജീവിതം കൂടുതൽ ബോറടിപ്പിക്കണ്ട. ഞാനീക്കുപ്പി തീർത്തു നേരം പുലരും മുന്പേ അങ്ങുപോകും"
ഒരു വിഡ്ഢിയെ പോലെ ബാലൻ ചിരിച്ചു.
"വേണ്ട നന്ദൻ. ഇന്ന് നമ്മുടെ ദിവസമാണ് . താനിരിക്കുകയോ കുടിക്കുകയോ ചിരിക്കുകയോ ചെയ്യൂ. ഇനി എന്നാണു നാം കാണുകയെന്നറിയില്ലല്ലോ "
"എന്തെ നാമൊക്കെ ഇങ്ങിനെയായതു ബാലാ ? ജീവിതത്തെ പ്രേമിച്ച ഞാനിന്നു വേട്ട നായ്ക്കൾക്കിടയിൽ ജീവിതം വലിച്ചെറിഞ്ഞു പരക്കം പായുന്നു. ജീവിതത്തിൽ ഒന്നുമാകാൻ കൊതിക്കാത്ത നീയിന്നു ജീവിതത്തിന്റെ കൂപ്പുകുഴിൽ തലകുത്തി നിൽക്കുന്നു. എവിടെയാണ് നമുക്കൊക്കെ പിഴച്ചുപോയതു . ഇടയിലെവിടെയാണ് നാം നമ്മെ മറന്നു പോയത് ബാലാ ?"
അവന്റെ കണ്ണുകളിൽ കണ്ണീരുണ്ടായിരുന്നു .
എന്റെയും
മുന്നിൽ മുഖം മറക്കാനറിയാത്ത കണ്ണാടിയിൽ വെളിച്ചം പതുങ്ങിയ അതിഥികൾക്കായി ഒരുക്കിയ സന്ദർശന മുറിയിൽ നന്ദനും ബാലനും നിഴലുകൾ മാത്രമായിരുന്നു. ഇറ്റാലിയൻ മാർബിളിട്ട, ലെതർ സോഫായിട്ട മുറിയിൽ  ക്യാൻറ് തൊട്ടു കമ്മ്യൂണിസം വരെയും, ചരിത്രം തൊട്ടു ചിത്രകാരന്മാർ വരെയും വൃത്തിയായി നിരത്തി വച്ച ഷെൽഫുകൾക്ക് മുന്നിൽ അതൊന്നുമല്ലാത്ത നഷ്ടബോധത്തിന്റെ ദുരന്ത സ്‌മൃതികളായി രണ്ട്‌ മനുഷ്യർ നിസ്സഹായതയോടെ ജനാലക്കപ്പുറത്തെ ഇരുളിലേക്ക് കണ്ണുംനട്ട് നിശ്ശബ്ദരായിരുന്നു.
നാളെ നന്ദനെന്ന നക്സലൈറ്റ് ലീഡർ പോലീസിനാൽ കൊല്ലപ്പെടാം
എഡിറ്ററായ ബാലനത് എഡിറ്റ് ചെയ്തു പരസ്യങ്ങൾക്കിടയിൽ അക്ഷരമെണ്ണിയൊതുക്കി അച്ചടിക്കാം
പുലരേനെറെയില്ലാത്ത രാത്രി പാതിയൊഴിഞ്ഞ കുപ്പിക്ക് പിന്നിൽ ഒരുന്മാദത്തിന്റെ ഏച്ചുകൂട്ടലോടെ നന്ദനും ബാലനുമിടയിൽ ആരോ മറന്നു വച്ചതുപോലെ പറയാൻ വാക്കുകൾ നഷ്ടമായ ഒരു വേദനയായി കണ്ണടച്ചിരുന്നു. ആ കണ്ണുകളിൽ അപ്പോഴും ഒരു നിഴൽ പാട് മറയാതിരുന്നിരുന്നു

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...