Sunday, February 4, 2018

ഒരു തണുത്ത കാറ്റും പിന്നെ മഴയും

ഒരു തണുത്ത കാറ്റും പിന്നെ മഴയും
"ഇടയിലൊന്നു നിറുത്തി പോകണം "
പിന്നിൽ നിന്നുമൊരിടറിയ സ്ത്രീ ശബ്ദമുയർന്നു വന്നു. ജീപ്പിന്റെ സ്പീഡ് കുറക്കാതെ തിരിഞ്ഞു നോക്കി. മെലിഞ്ഞു വിളറിയൊരു സ്ത്രീ. കൂടെ ഒരു കുഞ്ഞുമുണ്ട് .
"കുട്ടിക്ക് മൂത്രമൊഴിക്കണം"
ജീപ്പ് കയറ്റം കയറുകയാണ്. ഫോർവീലെർ മാത്രം കയറുന്ന വയനാടൻ കയറ്റങ്ങളിൽ ഇടയിൽ വണ്ടി നിറുത്തുക ബുദ്ധിമുട്ടാണ്.
"ഈ കയറ്റം ഒന്ന് കേറിക്കോട്ടെ ...എന്നിട്ടു നിർത്താം "
"ഓ മതി..." അതിലൊരാശ്വാസത്തിന്റെ തിണർപ്പുണ്ടായിരുന്നു . ഒരുപക്ഷെ അവർ ദേഷ്യപെടലിനെ ഭയന്നിരിക്കാം. അല്ലെങ്കിലും ജീപ്പോടിക്കുന്നവർ പലരും പരുക്കൻമാരാണല്ലോ. ആദ്യമായി വയനാടൻ കാട് കയറിയപ്പോൾ ഇതുപോലെ ജീപ്പുകളോ റോഡോ ഉണ്ടായിരുന്നില്ല.
മമ്മൂഞ്ഞിക്ക എന്ന കാളവണ്ടിക്കാരന്റെ ഔദാര്യം മാത്രമാണുണ്ടായിരുന്നത്. കൂടെ വന്ന പലരും മലന്പനി വന്നു മരിച്ചു. മരിക്കാത്തവരിൽ പലരും തിരിച്ചു പോയി. ബാകിയായവർ കാടുവെട്ടി മരം വിറ്റും തൊട്ടം നട്ടും ജീവിതം പടുത്തുയർത്തി. ചായയും കാപ്പിയും കുരുമുളകും നട്ടു കാശുണ്ടാക്കി . നെല്ലുണ്ടാക്കാൻ മാത്രമറിഞ്ഞ കുറിച്ചിയരും , ചെട്ടിയാന്മാരും കാടിറങ്ങി.
രണ്ടാം വട്ടം കാടുകേറി വയനാട്ടിൽ വന്നവർ റബ്ബറും കൊണ്ടാണ് വന്നത്. അവർ കാടായ കാടെല്ലാം, തോട്ടങ്ങളായ തോട്ടങ്ങളെലാം വെട്ടി റബ്ബര് വെച്ചു. കാപ്പി മുതലാളികൾക്കും ചായ മുതലാളികൾക്കും ഇടയിൽ റബ്ബർ മുതലാളികൾ വളർന്നു വന്നു. അതിനിടയിലെന്നോ കൊക്കോയും കപ്പയും പിന്നെ ഇഞ്ചിയും വന്നുപോയി. പിന്നെ ചുരങ്ങൾ വന്നു, റോഡ് വന്നു അവർക്കു പിന്നാലെ മൂന്നാം വട്ടം കാട് കയറി വയനാട്ടിലേക്ക് വന്നത് റിസോർട്ടിന്റെ രൂപത്തിലാണ്. കാടും മലകളും വെട്ടി, റബ്ബറും തോട്ടങ്ങളും വെട്ടി, മലകളും കുന്നുകളും വെട്ടി കെട്ടിടങ്ങൾ വളർന്നു.
ഇത് കണ്ടു പകച്ചു നിൽക്കുന്ന കൃഷിക്കാരന് മുന്നിൽ റിസോർട്ടുകൾ തടിച്ചു കൊഴുത്തു. 
കാട് കയറി വന്നവർ, 
കൃഷി ചെയ്തു പഠിച്ചവർ, 
മണ്ണറിഞ്ഞു ജീവിച്ചവർ മലകളിറങ്ങി തുടങ്ങി.
കയറ്റം കഴിഞ്ഞു വണ്ടി ബ്രേക്കിട്ടു സൈഡിൽ നിറുത്തി.
സ്ത്രീയും കുഞ്ഞും പുറത്തിറങ്ങി കുറ്റികാടിനു പിന്നിലേക്ക് നടന്നു മറഞ്ഞു. അവരൊഴികെ വണ്ടിയിലെല്ലാവരും ടൂറിസ്റ്റുകളാണ്. പല നാട്ടുകാരും പല ദേശക്കാരും. അവരിലൊരു വയസ്സൻ സായിപ്പുമുണ്ട്. കയറിയത് മുതൽ അദേഹത്തെ ശ്രദ്ധിച്ചിരുന്നു. നരച്ച കണ്ണുകൾക്ക് പിന്നിൽ മറ്റു ടൂറിസ്റ്റുകളിൽ കാണുന്ന ആകാംഷയോ ഉല്ലാസമോ ആ കണ്ണുകളിൽ കണ്ടില്ല. ഒരുതരം നിസ്സഹായാവാസ്തയായിരുന്നു അതിൽ മുഴുവൻ.
നാല്പത്തൊന്നിലെത്താൻ ഇനിയും സമയമെടുക്കുമോ ?
ഇംഗ്ലീഷിൽ ആയിരുന്നു ചോദ്യം
പത്തു മിനിറ്റ് കൂടെ സായിപ്പേ
മുറി ഇംഗ്ലീഷിലായിരുന്നു ഉത്തരം
നാല്പത്തൊന്നിലാരെ കാണാനാണോ സായിപ്പ് പോകുന്നത് . നാല്പത്തൊന്നോരു ഓണംകേറാ മൂലയാണ് .അവിടെങ്ങും റിസോർട്ടോ ഹോംസ്റ്റായോ ഉള്ളതായി അറിവില്ല. പണ്ടെങ്ങോ ആരോ ഉപേക്ഷിചു പോയ ഒരു പൊളിഞ്ഞ കെട്ടിടമല്ലാതെ കണ്ണെത്താ ദൂരത്തു കാപ്പി തോട്ടമാണവിടെ
സ്ത്രീയും കുഞ്ഞും തിരിച്ചു വന്നു ജീപ്പിൽ കയറി. നാല്പത്തൊന്നിൽ സായിപ്പിനെ ഇറക്കി വണ്ടി മുന്നോട്ടെടുത്തപ്പോൾ ഇത്തിരി ഭയമില്ലാതിരുന്നില്ല. അടുത്തൊന്നും ഒരു മനുഷ്യനെയും കാണാനില്ല. അതുകൊണ്ടു തന്നെ " സായിപ്പേ ഇവിടെത്തന്നെയാണോല്ലോ ഇറങ്ങേണ്ടതെന്നു " ചോദിക്കാതിരുന്നില്ല. വെറുതെ തലകുലുക്കി കാശ് തന്നതല്ലാതെ സായിപ്പൊന്നും പറഞ്ഞില്ല.
മനുഷ്യരെന്തെല്ലാം തരക്കാരാണ് !
യാത്രയിലുടനീളം സായിപ്പ് മനസ്സിൽ നിന്നും മറഞ്ഞതേയില്ല. 
രാത്രി കിടക്കുമ്പോഴും പിറ്റേന്നുണരുമ്പോഴും സായിപ്പ് തന്നെയായിരുന്നു മനസ്സിൽ. 
രാവിലെ വണ്ടിയെടുത്തപ്പോൾ വണ്ടി തനിയെ നാല്പത്തൊന്നിലെക്കു തിരിഞ്ഞു. അവിടെ കണ്ട കാഴ്ച്ച അദ്ബുതകരമായിരുന്നു. നാല്പത്തൊന്നിലെ പൊളിഞ്ഞു തകർന്ന വീടും പരിസരവും വെട്ടി തെളിച്ചു വൃത്തിയാക്കിയിരിക്കുന്നു. ഇന്നലെ കത്തിച്ചു വച്ചതായിരിക്കണം ഒരു റാന്തൽ അപ്പോഴും പുറത്തു കത്തി നിൽക്കുന്നുണ്ടായിരുന്നു. 
കർത്താവേ ഇതെന്തു കഥ! 
മനസ്സിലെ ആകാംഷയടക്കാനായില്ല. വണ്ടിയരികിൽ നിർത്തി മെല്ലെ അകത്തേക്ക് നടന്നു. വാതിലില്ലാത്ത മേൽക്കൂരയില്ലാത്ത ഇടിഞ്ഞു തകർന്ന, ഇന്നലെ മാത്രം കാട് വെട്ടി തെളിച്ച കെട്ടിടത്തിനകത്ത് സായിപ്പ് മരിച്ചു കിടന്നിരുന്നു. അരികിൽ കത്തിയെരിഞ്ഞ ഒരുപാട് മെഴുകുതിരികൾക്കിടയിൽ ഒരു സുന്ദരിയായ ചെറുപ്പക്കാരിയുടെയും ജിസ്സസ്സിന്റെയും വളരെ പഴകിയ ചിത്രങ്ങളുണ്ടായിരുന്നു.
പുറത്തു പെട്ടെന്ന് എങ്ങുനിന്നെന്നറിയാത്ത ഒരു കൊടുംകാറ്റ് ആഞ്ഞു വീശി 
അങ്ങ് ദൂരെ പള്ളിയിൽ കൂട്ട മാണി മുഴങ്ങി 
 ഇലകളും കാടും വീണ്ടും പടർന്നു പന്തലിച്ചു 
നാലാം വട്ടം കാട് വെട്ടി കയറിയവൻ, 
വയനാട്ടിൽ വന്നവൻ 
ആരെന്നറിയാതെ 
ആരോടും പറയാതെ 
ഇടിഞ്ഞു വീണ വീടിനുള്ളിൽ 
പടർന്നു കയറിയ കാട്ടിനുള്ളിൽ 
എരിഞ്ഞടങ്ങിയ മെഴുകുതിരികൾക്കു മുന്നിൽ 
പഴകി ദ്രവിച്ച ജീസസ്സിന്റെയും സുന്ദരിയായ ചെറുപ്പക്കാരിയുടെയും ഫോട്ടോകൾക്ക് മുന്നിൽ 
മരിച്ചു കിടന്നു 
പുറത്തു വായനാടിനെയാകെ കുളിപ്പിച്ച് ഒരു മഴ പെയ്തു 
പിന്നെ ഒരു തണുത്ത കാറ്റും

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...